പാമ്പാടി: സിക്കിമില്‍ നിര്‍മാണത്തിലിരുന്ന ജലവൈദ്യുതി തുരങ്കം തകര്‍ന്നു മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. തുടർന്ന് സംസ്കരിക്കും. നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്പറേഷന് (എന്‍എച്ച്പിസി) സിക്കിം യൂണിറ്റ് സീനിയര്‍ മാനേജരും ജിയോളജിസ്റ്റുമായ പാമ്പാടി കൊച്ചുമറ്റം കൂരോത്തുപറമ്പില്‍ അനീഷ് മോഹന്റെ മൃതദേഹം ബുധനാഴ്ച അര്‍ധരാത്രിയോടെയാണു കണ്ടെത്തിയത്.
തെക്കന്‍ സിക്കിമിലെ നാംചി ജില്ലയിലെ സമര്ഡൂംഗിലെ ടീസ്റ്റ ജലവൈദ്യുത പദ്ധതിക്കുവേണ്ടി നിര്‍മിക്കുന്ന തുരങ്കം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് തകര്‍ന്നത്. പ്രത്യേക വിമാനത്തിൽ മൃതദേഹം എത്തിക്കാനുള്ള ക്രമീകരണങ്ങൾ നോർക്ക ചെയ്യുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളം വഴി ഇന്നു രാത്രി മണര്‍കാട്ടുള്ള വീട്ടിലെത്തിക്കും. അനീഷിന്റെ ഭാര്യ ഡോ. സംഗീത, സഹോദരന് സനല്‍, അനീഷിന്റെ സഹോദരന് ബിനീഷ് മോഹന്‍ എന്നിവര്‍ സിക്കിമില്‍നിന്നു മൃതദേഹത്തെ അനുഗമിക്കും.